തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/ എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 15,000 രൂപയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ (ജനറൽ നഴ്സിംഗ്), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
കഴിഞ്ഞ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
www.mwdscholarship.kerala.gov.in എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുള്ളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300523, 0471-2300524, 0471-2302090.